കൊട്ടാരം എന്നര്‍ത്ഥമുള്ള “കോയില്‍”, എന്ന പദവും, കോട്ടകള്‍ നിറഞ്ഞ സ്ഥലം എന്നര്‍ത്ഥമുള്ള “കോട്” എന്ന പദവും സംയോജിച്ചുണ്ടായ “കോയില്‍ക്കോട്” എന്ന പ്രയോഗത്തില്‍ നിന്നാണ് കോഴിക്കോട് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പ്രഗത്ഭരായ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരിലൂടെ പ്രചാരം സിദ്ധിച്ച “കാലിക്കറ്റ്” എന്ന പ്രയോഗം കോഴിക്കോട് എന്നതിന്റെ അറബിരൂപമായിരുന്നു. കോഴിക്കോട് തലസ്ഥാനമാക്കിയായിരുന്നു പുരാതന കേരളത്തിലെ സാമൂതിരിയുടെ നാട്ടുരാജ്യം നിലനിന്നിരുന്നത്. പില്‍ക്കാലത്ത് ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. പഴയ ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയുടെ ആസ്ഥാനവും കോഴിക്കോടായിരുന്നു. കേരളസംസ്ഥാന രൂപീകരണത്തിനു ശേഷം മലബാറിനെ വിഭജിച്ച് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകള്‍ രൂപീകരിച്ചു. വിഭജിക്കപ്പെട്ട ജില്ലകള്‍ പിന്നീട് വീണ്ടും വിഭജിക്കപ്പെടുകയും മലപ്പുറം, കാസര്‍ഗോട്, വയനാട് തുടങ്ങിയ ജില്ലകള്‍ പുതുതായി രൂപം കൊള്ളുകയും ചെയ്തു. വടക്കുഭാഗത്ത് കണ്ണൂര്‍ ജില്ല വരേയും, കിഴക്കുഭാഗത്ത് വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ വരേയും, തെക്കുഭാഗത്ത് മലപ്പുറം ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടല്‍ വരേയും വ്യാപിച്ചുകിടക്കുന്ന കോഴിക്കോട് ജില്ലയ്ക്ക് 2344 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടകര, തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂര്‍, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട് എന്നിങ്ങനെ 12 ബ്ളോക്കുപഞ്ചായത്തുകളാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 12 ബ്ളോക്കുകളിലായി 75 ഗ്രാമപഞ്ചായത്തുകളും 117 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കോഴിക്കോട് കോര്‍പ്പറേഷനും, വടകര, കൊയിലാണ്ടി എന്നിങ്ങനെ 2 മുനിസിപ്പാലിറ്റികളുമാണ് ജില്ലയിലെ നഗരസഭകള്‍. കോഴിക്കോട്, വടകര, കൊയിലാണ്ടി എന്നിങ്ങനെ മൂന്ന് താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കോഴിക്കോട് ജില്ലാപഞ്ചായത്തില്‍ ആകെ 27 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ഈ ജില്ലയെ മണല്‍ നിറഞ്ഞ തീരപ്രദേശം, പാറകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശം, ഇടനിലം എന്നിങ്ങനെ പ്രധാനമായും മൂന്നായി തരം തിരിക്കാം. കോഴിക്കോട് ജില്ലയ്ക്ക് 80 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ആകാശവാണി നിലയവും, മെഡിക്കല്‍ കോളേജും, അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കോഴിക്കോട്.
